Kerala
കാസർഗോഡ്: കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള നവജീവനയാത്രയ്ക്കു കാസർഗോട്ട് തുടക്കമായി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ജാഥാ ക്യാപ്റ്റനായ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.എം. ജാഫർ ഖാന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
ജീവനക്കാരുടെ ആശങ്കകൾക്ക് പരിഹാരമാകണമെങ്കിൽ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യപ്രഭാഷണം നടത്തി.
എൻ.എ. നെല്ലിക്കുന്ന് എംഎൽഎ, ഹക്കിം കുന്നിൽ, കെ. നീലകണ്ഠൻ, ബാലകൃഷ്ണൻ പെരിയ, അനിൽ ബോസ്, എ. ഗോവിന്ദൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ നാളെ രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വ ദിനാചരണത്തോടൊപ്പം പഞ്ചായത്തുതലങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി തൊഴിലുറപ്പ് സംരക്ഷണ സംഗമം നടത്തുമെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.
ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഫെബ്രുവരി 10 മുതൽ 15 വരെ ഗൃഹസന്ദർശനം നടത്തുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
Kerala
തിരുവനന്തപുരം: രക്തസാക്ഷികളുടെ ഫണ്ട് തിരിമറി നടത്തുന്ന പാർട്ടിയാണ് സിപിഎമ്മെന്ന ജില്ലാ കമ്മിറ്റി അംഗത്തിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്നു കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.
രക്തസാക്ഷി ഫണ്ട് വെട്ടിപ്പിൽ മറുപടി പറയുന്നതിനുപകരം അത് വെളിപ്പെടുത്തിയ വി. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽനിന്ന് പുറത്താക്കുകയാണ് സിപിഎം ചെയ്തത്. കൂടാതെ കുഞ്ഞികൃഷ്ണനെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പത്രസമ്മേളനത്തിൽ കെപിസിസി പ്രസിഡന്റ് പറഞ്ഞു. ഈ വിഷയം നിയമസഭയിൽ ചർച്ച ചെയ്യാൻ തയാറാകുന്നില്ല.
അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. കരുവന്നൂർ ബാങ്ക് നിക്ഷേപ തട്ടിപ്പ് കേസിൽ സിപിഎം പാർട്ടിയെ 69-ാം പ്രതിയായി പട്ടികയിൽ ചേർത്തത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യത്തെ സംഭവമാണ്. ഇതിൽ സിപിഎം നേതൃത്വം മറുപടി പറയണം. സാന്പത്തിക കാര്യങ്ങളിൽ സിപിഎം എവിടെ നിൽക്കുന്നുവെന്നതിന്റെ തെളിവുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.
ശബരിമല സ്വർണക്കൊള്ളയിലും പ്രതികളെ സംരക്ഷിക്കാനാണ് സിപിഎം ശ്രമം. സ്വർണക്കൊള്ള കേസിൽ പ്രിയങ്കാ ഗാന്ധി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിൽ വയനാട് ഓഫീസിലേക്ക് പ്രതിഷേധം നടത്തിയത് പ്രതികളായ സിപിഎമ്മുകാരെ സംരക്ഷിക്കാനാണ്.
ഗൂഢാലോചനയിലൂടെ സ്വർണക്കൊള്ള നടത്തി ജയിൽ കഴിയുന്ന സിപിഎം നേതാക്കളുടെ ആസ്ഥാനത്ത് ബിജെപി പ്രതിഷേധം നടത്തുന്നില്ല. പ്രതികളായ സിപിഎം നേതാക്കളെ കുറിച്ച് ബിജെപിക്ക് ആക്ഷേപമില്ല. പ്രിയങ്കാ ഗാന്ധിക്കും കോണ്‍ഗ്രസിനും എതിരേയാണ് ബിജെപിക്ക് പരാതി. അത് എന്ത് അടിസ്ഥാനത്തിലാണെന്ന് ബിജെപി നേതൃത്വം മറുപടി പറയണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
Kerala
തിരുവനന്തപുരം: സിറ്റിംഗ് എംഎൽഎമാരെയെല്ലാം മത്സരിപ്പിക്കാൻ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ ധാരണയായ സ്ഥിതിക്ക് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മത്സരരംഗത്തേക്ക്.
സണ്ണി ജോസഫ് തെരഞ്ഞെടുപ്പു പോരാട്ടത്തിന് ഇറങ്ങുന്പോൾ കെപിസിസി പ്രസിഡന്റിന്റെ ചുമതല പത്തനംതിട്ടയിൽ നിന്നുള്ള എംപി ആന്റോ ആന്റണിക്കോ മാവേലിക്കരയുടെ ലോക്സഭാംഗം കൊടിക്കുന്നിൽ സുരേഷിനോ നൽകുമെന്നാണ് സൂചന. ഇതു സംബന്ധിച്ച അന്തിമതീരുമാനം വൈകാതെ ഹൈക്കമാൻഡ് പ്രഖ്യാപിക്കും.
കെപിസിസി പ്രസിഡന്റുമാർ മത്സരരംഗത്ത് ഇറങ്ങുന്പോൾ പ്രസിഡന്റിന്റെ താത്കാലിക ചുമതല മുതിർന്ന നേതാക്കളിൽ ഒരാൾക്കു നൽകുന്നതാണ് കീഴ് വഴക്കം. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് സണ്ണി ജോസഫിനൊപ്പം പരിഗണിക്കപ്പെട്ടിരുന്ന പേരുകളാണ് ആന്റോ ആന്റണിയുടെയും കൊടിക്കുന്നിൽ സുരേഷിന്റെയും.
സണ്ണി ജോസഫ് വീണ്ടും ജയിക്കുകയും യുഡിഎഫ് അധികാരത്തിൽ എത്തുകയും ചെയ്താൽ സുപ്രധാന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിസ്ഥാനത്തേക്ക് അദ്ദേഹം പരിഗണിക്കപ്പെടുമെന്ന സൂചനയുമുണ്ട്. അങ്ങനെയെങ്കിൽ പുതിയ ചുമതലയിൽ എത്തുന്ന ആൾ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടർന്നേക്കും.
കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരിൽ പി.സി. വിഷ്ണുനാഥും എ.പി. അനിൽകുമാറും നിയമസഭാ മത്സരരംഗത്തുണ്ട്. മറ്റൊരു വർക്കിംഗ് പ്രസിഡന്റായ ഷാഫി പറന്പിൽ എംപിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.
ഇന്നലെ ചേർന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ സിറ്റിംഗ് എംഎൽഎമാർക്കെല്ലാം സീറ്റ് നൽകാൻ ധാരണയായിരുന്നു. ആരോഗ്യ കാരണങ്ങളാൽ മത്സരിക്കാനില്ലെന്ന് അറിയിച്ച കെ. ബാബുവിനോട് തൃപ്പൂണിത്തുറയിൽ വീണ്ടും മത്സരിക്കാൻ അഭ്യർഥിക്കും.
കെ. ബാബു വീണ്ടും മത്സരിച്ചാൽ തൃപ്പുണിത്തുറയിൽ ജയസാധ്യതയുണ്ടെന്ന വിലയിരുത്തലാണുള്ളത്. ഇക്കാര്യത്തിൽ കെ.ബാബുവിന്റെ നിലപാട് നിർണായകമാകും. ലൈംഗിക പീഡന ആരോപണങ്ങൾ നേരിട്ടെങ്കിലും എൽദോസ് കുന്നപ്പിള്ളി പെരുന്പാവൂരിൽ വീണ്ടും ജനവിധി തേടും.
പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലിനു പകരം പൊതുസ്വതന്ത്രനെ കണ്ടെത്തി മത്സരിപ്പിക്കാനാണ് ആലോചന.
ലൈംഗിക പീഡന പരാതികൾ തുടർച്ചയായി ഉയർന്ന രാഹുൽ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പാർട്ടിയിൽനിന്നു പുറത്താക്കിയിരുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കെപിസിസി പ്രസിഡന്റായിരുന്ന കെ. സുധാകരൻ കണ്ണൂരിൽ ജനവിധി തേടിയപ്പോൾ എം.എം. ഹസൻ കെപിസിസി പ്രസിഡന്റിന്റെ ചുമതല വഹിച്ചിരുന്നു. പിന്നീട് സ്ഥാനം വിട്ടു നൽകാത്തതിനെത്തുടർന്ന് തർക്കവുമുയർന്നിരുന്നു.
Kerala
കണ്ണൂർ: കേരള കോൺഗ്രസ്-എമ്മിന്റെ വരവ് അടഞ്ഞ അധ്യായമല്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
കേരള കോൺഗ്രസ്-എം മുന്നണിയിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, അത് അടഞ്ഞ അധ്യായമാണോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും വാതിലുകൾ അടയ്ക്കാനും തുറക്കാനും കഴിയുന്നതാണെന്നും മുട്ടുവിൻ തുറക്കപ്പെടും എന്ന വചനമാണ് ഇതിൽ ഓർമിപ്പിക്കാനുള്ളതെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
കണ്ണൂരിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇതിന്റെ ഭാഗമായി ഈ മാസം 27ന് ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലും മറ്റു ജില്ലകളിൽ കളക്ടറേറ്റുകൾക്കു മുന്നിലും വിശ്വാസ സംരക്ഷണ സംഗമങ്ങൾ നടത്തും. സ്വർണക്കൊള്ള കേസിൽ പ്രതികൾക്കു ജാമ്യം ലഭിക്കാൻ സാഹചര്യം ഒരുങ്ങിയത് ബോധപൂർവമായ ഇടപെടൽ മൂലമാണ്. പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാൻ വൈകിയത് നിയമം അറിയാത്തതുകൊണ്ടല്ല, മറിച്ച്, പ്രതികളെ സഹായിക്കാൻ വേണ്ടിയുള്ള ബോധപൂർവമായ നീക്കമായിരുന്നു.
അടൂർ പ്രകാശും കേസിലെ പ്രതിയായ പോറ്റിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, ഒരു ജനപ്രതിനിധി എന്ന നിലയിൽ ഒരാളുമായി സംസാരിക്കുന്നതോ ഫോട്ടോ എടുക്കുന്നതോ എങ്ങനെയാണ് കേസുമായി ബന്ധപ്പെടുത്താൻ കഴിയുകയെന്ന് അദ്ദേഹം ചോദിച്ചു. ശബരിമലയിൽ ചുമതലയുള്ള ഒരാളുമായി എംപി എന്ന നിലയിൽ പരിചയപ്പെടുന്നതോ ഫോട്ടോ എടുക്കുന്നതോ തെറ്റല്ല. ആ കാലയളവിൽ പ്രതികളെ സഹായിക്കാൻ കഴിയുന്ന പദവിയിലായിരുന്നില്ല അടൂർ പ്രകാശെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രാജ്ഭവന് മുന്നിൽ രാപ്പകൽ സമരം ഉൾപ്പെടെയുള്ള പ്രക്ഷോഭങ്ങൾ കോൺഗ്രസ് സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയായി ഗാന്ധിജി രക്തസാക്ഷിത്വം വരിച്ച 30ന് എല്ലാ പഞ്ചായത്തുകളിലും ദേശീയ തൊഴിലുറപ്പ് സംരക്ഷണ ദിനമായി ആചരിക്കാൻ തീരുമാനിച്ചു.
അന്നേദിവസം തൊഴിലുറപ്പ് പദ്ധതിയുടെ സംരക്ഷണത്തിനായി വിപുലമായ പ്രത്യേക പരിപാടികളും സംഘടിപ്പിക്കും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി 27ന് തിരുവനന്തപുരത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരും.
സീറ്റ് വിഭജനം ഉൾപ്പെടെയുള്ള കാര്യങ്ങളുമായി യുഡിഎഫും കോൺഗ്രസും മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: സമുദായ നേതാക്കള്‍ വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഒഴിവാക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
എന്‍എസ്എസ് കോണ്‍ഗ്രസിനെ വിമര്‍ശിച്ചിട്ടില്ല. എന്നാല്‍ വി.ഡി. സതീശനെതിരേ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തി. അത് ഒഴിവാക്കേണ്ടതായിരുന്നു.
സമുദായ സംഘടനകളുമായി സൗഹൃദം നിലനിര്‍ത്താനും അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാനുമാണ് ശ്രമിക്കുന്നത്. തര്‍ക്കത്തിലേക്കു നീങ്ങുന്നില്ലെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോടു പറഞ്ഞു.
Kerala
തിരുവനന്തപുരം: പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ചു ബിജെപി ഭരണകൂടം തൊഴിലുറപ്പു പദ്ധതിയെ കഴുത്തുഞെരിച്ചു കൊല്ലുകയാണെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കർഷകർക്കെതിരേ ഏകപക്ഷീയമായി അടിച്ചേൽപ്പിച്ച മൂന്നു കിരാതനിയമങ്ങൾ ജനകീയ പ്രതിഷേധത്തെത്തുടർന്നു കേന്ദ്രസർക്കാരിനു പിൻവലിക്കേണ്ടിവന്നതു ചരിത്രമാണ്.
അതുപോലെ ഈ തെറ്റായ നയവും കേന്ദ്രസർക്കാരിനു തിരുത്തേണ്ടിവരും. ഗ്രാമീണ ജനതയുടെ ദാരിദ്ര്യം അകറ്റുക എന്ന ലക്ഷ്യത്തോടെയാണു യുപിഎ സർക്കാർ ദേശീയ തൊഴിലുറപ്പു പദ്ധതി നടപ്പാക്കിയത്. ഗ്രാമസ്വരാജ് എന്ന ഗാന്ധിയൻ സങ്കൽപ്പം യാഥാർഥ്യമാക്കുന്നതിനാലാണ് ആ പദ്ധതിക്ക് ഗാന്ധിജിയുടെ പേര് നൽകിയത്. ബിജെപി തുടക്കം മുതൽ ഈ പദ്ധതിക്കെതിരായിരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.
പാവപ്പെട്ടവന്റെ കൈകളിലേക്കു പണമെത്തിച്ച പദ്ധതിയെ ഇഞ്ചിഞ്ചായി കൊല്ലുന്നതിനുള്ള നിയമമാണു കേന്ദ്രസർക്കാർ ഉണ്ടാക്കിയതെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. ചരിത്രത്തെ മാറ്റിയെഴുതുകയെന്നതു ഫാസിസ്റ്റ് ശൈലിയാണ്. ഏകാധിപതികൾ എക്കാലവും ശ്രമിച്ചിട്ടുള്ളത് അവർക്ക് ഹിതമായ ചരിത്രം സൃഷ്ടിക്കാനാണ്.
അതിന്റെ ഭാഗമാണു ചരിത്രപുരുഷമാരെ തമസ്കരിക്കാനുള്ള നടപടി. സ്വാതന്ത്ര്യസമരത്തെയും നേതാക്കളെയും ഒറ്റുകൊടുത്ത അഞ്ചാംപത്തി നേതാക്കളുടെ പേരിലേക്കു പല പദ്ധതികളും പുനർനാമകരണം ചെയ്യാനാണു മോദി സർക്കാർ ശ്രമിക്കുന്നത്. ഇതിനെതിരേ കോണ്‍ഗ്രസ് നടത്തുന്ന പോരാട്ടം ഫാസിസത്തിനെതിരായ ശക്തമായി ചെറുത്തുനിൽപ്പായി മാറുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
ലോക്ഭവനു മുന്നിൽ നടക്കുന്ന രാപകൽ സമരത്തിൽ കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ്, എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, മുൻ കെപിസിസി പ്രസിഡന്റുമാരായ കെ. മുരളീധരൻ, എം.എം. ഹസൻ, യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ്, കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാർ, ഷാഫി പറന്പിൽ, എഐസിസി സെക്രട്ടറിമാരായ പി.വി. മോഹൻ, വി.കെ. അറിവഴകൻ, മൻസൂർ അലി ഖാൻ, കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, കെപിസിസി ഭാരവാഹികൾ, ഡിസിസി പ്രസിഡന്റുമാർ, എംപിമാർ, എംഎൽഎമാർ, മുതിർന്ന കോണ്‍ഗ്രസ് നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.ഇന്നു രാവിലെ 10 ന് രാപകൽ സമരം സമാപിക്കും.
Kerala
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റും രണ്ട് വർക്കിംഗ് പ്രസിഡന്റുമാരും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സര രംഗത്തേക്ക് ഇറങ്ങുന്പോൾ സംഘടനാ നേതൃത്വത്തിലുണ്ടാകേണ്ട താത്കാലിക സംവിധാനത്തെക്കുറിച്ചും ഇന്നു മുതൽ വയനാട്ടിൽ നടക്കുന്ന കോണ്‍ഗ്രസ് ഉച്ചകോടിയിൽ ചർച്ച ചെയ്തേക്കും.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പേരാവൂരിലും വർക്കിംഗ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ് കുണ്ടറയിലും എ.പി. അനിൽകുമാർ വണ്ടൂരിലും നിന്നുള്ള എംഎൽഎമാരാണ്. ഇത്തവണയും ഇവർ മത്സര രംഗത്തുണ്ടാകും.
പി.സി. വിഷ്ണുനാഥിന് ദക്ഷിണമേഖലയുടെയും എ.പി. അനിൽകുമാറിന് മധ്യമേഖലയുടെയും ചുമതലയാണ്. ഇവർ മത്സര രംഗത്ത് പോകുന്പോൾ എംപിമാർ മത്സര രംഗത്തേക്കു വന്നില്ലെങ്കിൽ ഇവർക്കാകും ചുമതല നൽകുക. വർക്കിംഗ് പ്രസിഡന്റുമാരിൽ ഉത്തരമേഖലയുടെ ചുമതല വഹിക്കുന്ന ഷാഫി പറന്പിൽ ലോക്സഭാംഗമാണ്.
ലോക്സഭാംഗങ്ങളിൽ ചിലർ നിയമസഭയിൽ മത്സരിക്കാൻ തയാറെടുക്കുന്നുണ്ട്. എന്നാൽ, ഇവരെ നിയമസഭയിൽ മത്സരിക്കാൻ അനുവദിച്ചാൽ ലോക്സഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. ഇതു ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്ന പ്രചാരണവും ഒരു വിഭാഗം കോണ്ഗ്രസുകാർക്കിടയിൽ ശക്തമാണ്.
എംപിമാരെ മത്സരിപ്പിക്കുന്ന കാര്യത്തിൽ ദേശീയ നേതൃത്വത്തിന്റെ നിലപാട് നിർണായകമാകും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി കെ. സുധാകരൻ കണ്ണൂരിലേക്കു പോയപ്പോൾ പകരം എം.എം. ഹസന് ചുമതല നൽകിയിരുന്നു. പിന്നീട് ചുമതല തിരിച്ചുനൽകുന്നതുമായി ബന്ധപ്പെട്ടു തർക്കവുമുണ്ടായിരുന്നു.
ഡിസിസി പ്രസിഡന്റുമാരുടെ പുനഃസംഘടന നടത്തണോ എന്ന കാര്യത്തിലും സുൽത്താൻ ബത്തേരി ഉച്ചകോടിയിൽ ചർച്ചയുണ്ടാകും. ഇപ്പോഴത്തെ ഡിസിസി പ്രസിഡന്റുമാർ തുടരട്ടെ എന്നു തീരുമാനിച്ചാൽ നിയസഭാ തെരഞ്ഞെടുപ്പു വരെ മാറ്റമുണ്ടാകില്ല.
അങ്ങനെയെങ്കിൽ തെരഞ്ഞെടുപ്പിൽ ഡിസിസി പ്രസിഡന്റിനെ സഹായിക്കാൻ കോർ കമ്മിറ്റി രൂപീകരിക്കും. തിരുവനന്തപുരത്തു താത്കാലിക ചുമതല നൽകിയിട്ടുള്ള എൻ. ശക്തനു പകരം പുതിയ ആളെ കണ്ടെത്തേണ്ടി വരും.
Kerala
കണ്ണൂർ: ശബരിമല സ്വർണക്കൊള്ളയിൽ ആരോപണവിധേയനായ പോറ്റിയുമായി ബന്ധപ്പെടുത്തി കോൺഗ്രസ് നേതാക്കൾക്കെതിരേ സിപിഎമ്മും ബിജെപിയും നടത്തുന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.
കോൺഗ്രസിനെ ആക്ഷേപിക്കാനായി സിപിഎമ്മും ബിജെപിയും ഒന്നിച്ചു പരിശ്രമിക്കുകയാണെന്നും സണ്ണി ജോസഫ് കണ്ണൂരിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. കൊള്ള നടത്തിയവരെ സംരക്ഷിക്കാനായി ഭരണസംവിധാനത്തെ സിപിഎം ദുരുപയോഗം ചെയ്യുകയാണ്.
കോണ്‍ഗ്രസ് രാജ്യത്തും സംസ്ഥാനത്തും പ്രതിപക്ഷത്താണ്. അതുകൊണ്ട് ശബരിമലയിലെ കള്ളന്മാര്ക്ക് ഒത്താശ ചെയ്യാന്‍ സാധിക്കുക ഭരണകക്ഷിക്കാണ്. ശബരിമലക്കൊള്ളയിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന പ്രതികള്‍ക്കെതിരേ സിപിഎം ചെറിയ ശിക്ഷണനടപടി പോലും എടുത്തില്ല. പോറ്റി മുഖ്യമന്ത്രിയുടെ അടുത്തെത്തിയത് എന്തിനാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് ജയിക്കാന്‍ യുഡിഎഫ് സ്വതന്ത്രനെ പണം നല്കി സിപിഎം സ്വാധീനിച്ചു. അതിന്റെ ഫോണ്‍ സന്ദേശം പുറത്തുവന്നു. കുതിരക്കച്ചവടം നടത്തി തെരഞ്ഞെടുപ്പ് പരാജയം മറച്ചുപിടിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. മറ്റത്തൂരിലും കാലുമാറ്റത്തിനു പ്രോത്സാഹനം നടത്തുകയാണു ചെയ്തത്. ഇതെല്ലാം സിപിഎമ്മിന്റെ ജനാധിപത്യവിരുദ്ധ നിലപാടുകളാണു തെളിയിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
കണ്ണൂർ: നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്ന ബജ്റംഗ്ദൾ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് സിഎസ്ഐ ദക്ഷിണ കേരള രൂപതയായ നാഗ്പുർ മിഷൻ വൈദികനായ ഫാ.സുധീര്‍, ഭാര്യ ജാസ്മിന് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത് രാജ്യത്തെ മതസ്വാതന്ത്ര്യത്തിനു മേലുള്ള വെല്ലുവിളിയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. പോലീസിന്റെ നടപടി ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനും സമത്വത്തിനും നേരെയുള്ള ഗുരുതരമായ വെല്ലുവിളിയാണിത്.
രാജ്യത്തെ ഓരോ പൗരനും ഭയമില്ലാതെ ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കണം. ബിജെപി അധികാരത്തില്‍ വന്ന ശേഷം രാജ്യത്ത് ക്രൈസ്തവ സമൂഹത്തിന് എതിരെ നടക്കുന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയാണിത്. വര്‍ഗീയ ഫാസിസ്റ്റുകളുടെ വിദ്വേഷ രാഷ്ട്രീയം മതേതര ഇന്ത്യയുടെ ആത്മാവിനെയാണ് മുറിവേല്‍പ്പിക്കുന്നത്.
പോലീസ് നടപടിയിലെ നിയമവിരുദ്ധതയും വൈദികന്റെ നിരപരാധിത്വവും ബോധ്യപ്പെട്ടതിനാലാണ് അറസ്റ്റിലായ എല്ലാവര്ക്കും കോടതി ജാമ്യം നല്‍കിയതെന്നും സണ്ണി ജോസഫ് പ്രസ്താവനയിൽ പറഞ്ഞു.സമാധാനപരമായി പ്രാര്‍ഥന നടത്തുന്ന വിശ്വാസികളെ അറസ്റ്റ് ചെയ്ത നടപടി ഒരു ജനാധിപത്യ സര്‍ക്കാരിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ചു വൈകിവന്ന വിലയിരുത്തലിൽപോലും യാഥാർഥ്യങ്ങൾ മറച്ചുവയ്ക്കാനാണ് സിപിഎം നേതൃത്വം ശ്രമിച്ചതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.
തൃശൂർ മറ്റത്തൂരിൽ കോണ്‍ഗ്രസ് പ്രവർത്തകരോ ജനപ്രതിനിധികളോ ആരും ബിജെപിയിൽ ചേർന്നിട്ടില്ല. ജീവനുണ്ടെങ്കിൽ ബിജെപിയിൽ ചേരുകയില്ലെന്നും അവർ പരസ്യമായി വ്യക്തമാക്കിയിട്ടുള്ളതാണ്.
ബിജെപിയുടെ പിന്തുണയോടെ ഒരു സ്വതന്ത്രയെ പഞ്ചായത്ത് പ്രസിഡന്റാക്കിയ നടപടിയെ അതീവ ഗൗരവത്തോടെയാണ് കോണ്‍ഗ്രസ് കണ്ടത്. ആ തെറ്റ് തിരുത്താൻ അവിടത്തെ കോണ്‍ഗ്രസ് പ്രവർത്തകർ തയാറാകുമെന്നാണ് വിശ്വാസം. കോണ്‍ഗ്രസിനോട് ആത്മാർഥതയും വിശ്വാസ്യതയും അവർ പുലർത്തുമെന്ന് പ്രതീക്ഷിക്കുന്നു.
പോകാത്തവരെപോലും ബിജെപിയിലേക്ക് പോയെന്ന് ചിത്രീകരിച്ച് കൊട്ടിഘോഷിക്കുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയകുടിലതന്ത്രമാണ്. സന്ദീപ് വാര്യർ ബിജെപി വിട്ട് കോണ്‍ഗ്രസിൽ ചേർന്നപ്പോൾ അദ്ദേഹത്തിനെതിരേ സിപിഎം നടത്തിയ പടയൊരുക്കം കേരളജനത കണ്ടതാണ്.
സിപിഎം ജൽപനങ്ങൾ ജനം വിശ്വസിക്കില്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി.
Kerala
മട്ടന്നൂർ: ചില ആളുകളെ പരിചയപ്പെടുന്നത് അവരുടെ എല്ലാ വിവരങ്ങളും അറിഞ്ഞിട്ടല്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സോണിയാ ഗാന്ധിയുടെ അടുത്ത് സ്വർണപ്പാളി കേസ് പ്രതികൾ പോയ സംഭവത്തിൽ മട്ടന്നൂരിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടു സ്ഥലത്താണ് മേയർസ്ഥാനാർഥികളെ പ്രഖ്യാപിച്ചു മത്സരിപ്പിച്ചത്. കൊല്ലവും തിരുവനന്തപുരവും. ദീപ്തി മേരി വർഗീസിനു പരാതിയുണ്ടെങ്കിൽ എല്ലാ വിഷയവും പരിശോധിക്കുമെന്ന് മേയർ തർക്കവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കുത്തരമായി സണ്ണി ജോസഫ് പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടിക ക്രമക്കേടുകളും വാർഡ് വിഭജനത്തിലെ അശാസ്ത്രീയതയും കള്ളവോട്ടും അക്രമങ്ങളുമെല്ലാം ഉണ്ടായിട്ടും യുഡിഎഫ് കേരളമൊട്ടാകെ ചരിത്രവിജയം നേടി. മുഖ്യമന്ത്രി മറ്റെന്തു ന്യായീകരണം പറഞ്ഞാലും വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്രിസ്മസ് ദിനത്തിൽ ക്രൈസ്തവ ആരാധാനാലയങ്ങൾക്കും പ്രാർഥനാകേന്ദ്രത്തിനും നേരേ നടന്ന അക്രമങ്ങൾ വേദനിപ്പിക്കുന്ന സംഭവങ്ങളാണ്. രാജ്യത്തെ മതേതരത്വത്തെ ചോദ്യം ചെയ്യുന്ന നടപടികളിൽ വലിയ പ്രതിഷേധമാണുയരുന്നത്. ഈ പ്രതിഷേധത്തിൽ താനും പങ്കു ചേരുന്നതായും സണ്ണി ജോസഫ് പറഞ്ഞു.
Kerala
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎയുടെ ഇന്നു മുതൽ മൂന്നു ദിവസത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി കെപിസിസി ഓഫീസ് അറിയിച്ചു.
ഡോക്ടർമാർ മൂന്നു ദിവസത്തെ വോയിസ് റസ്റ്റ് നിർദേശിച്ചതിനെ തുടർന്നാണിത്.
Kerala
തിരുവനന്തപുരം: സംസ്ഥാന സർക്കാർ പിഎംശ്രീ പദ്ധതിയിൽനിന്ന് പിന്മാറുമെന്നു സിപിഎം സിപിഐക്കു നൽകിയ ഉറപ്പ് കുറുപ്പിന്റെ ഉറപ്പുപോലെയായെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.
സിപിഐയെ ഒരിക്കൽക്കൂടി വല്യേട്ടൻ പറഞ്ഞു പറ്റിച്ചു.ഒന്നു പ്രതിഷേധിക്കാൻ പോലും ത്രാണിയില്ലാതെ സിപിഐ കീഴടങ്ങി. സിപിഎമ്മിനെ അടിയറവ് പറയിച്ചെന്നുള്ള സിപിഐയുടെ അവകാശവാദത്തിന് ഒരു ദിവസത്തെ ആയുസു പോലും ലഭിച്ചില്ല. സിപിഐ മന്ത്രിമാരും നേതാക്കളും ദിവസേന സിപിഎമ്മിനോടു മാപ്പുപറഞ്ഞ് കൂട്ടക്കരച്ചിൽ നടത്തുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
എസ്എസ്കെ ഫണ്ടിന്റെ ആദ്യഗഡു നേടിയ വിദ്യാഭ്യാസമന്ത്രി അടുത്ത ഗഡു നേടാൻ ഡൽഹിക്ക് ചർച്ചയ്ക്ക് പോകുകയാണ്. ബിജെപിയുമായുള്ള ബന്ധം സുദൃഢമാക്കുന്നതിന്റെ ഭാഗമാണിത്. ഇക്കാര്യത്തിൽ സിപിഐ സ്വന്തം നിലപാട് വ്യക്തമാക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
District News
ചെറുതോണി: 18000 കോടി രൂപയുടെ ഇടുക്കി പാക്കേജ് പ്രഖ്യാപിച്ചിട്ട് ഒരു രൂപ പോലും ചെലവഴിക്കാതെ ഇടുക്കിയെ വഞ്ചിച്ച പിണറായി സർക്കാരിനു ജനംവരുന്ന തെരഞ്ഞെടുപ്പുകളിൽ ചുട്ട മറുപടി നൽകുമെന്നു കെപിസിസി പ്രസിഡന്റ്് അഡ്വ. സണ്ണി ജോസഫ് എംഎൽഎ. ഇടുക്കി ജവഹർ ഭവനിൽ ചേർന്ന ജില്ലാതല കോർ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതിദരിദ്രരില്ലാത്ത കേരളമെന്ന സർക്കാർ പ്രഖ്യാപനം പുതിയ തട്ടിപ്പാണ്. വീടും ഭക്ഷണവും ഇല്ലാതെ ചികിത്സപോലും ലഭിക്കാതെ ആയിരക്കണക്കിനു കുടുംബങ്ങൾ കഷ്ടപ്പെടുമ്പോൾ സംസ്ഥാനം അതിദരിദ്രമുക്തമെന്നു പ്രഖ്യാപിക്കുവാൻ പിണറായി വിജയനു മാത്രമേ കഴിയൂ.
നിർമാണ ക്രമവത്്കരണത്തിന്റെ പേരിൽ പൊതുജനങ്ങളെ പിഴിയാൻ ശ്രമിച്ചാൽ കോൺഗ്രസും യുഡിഎഫും അതു തടയും. പൊതുതെരഞ്ഞെടുപ്പിനു ശേഷം യുഡിഎഫ് അധികാരത്തിലെത്തുമ്പോൾ നിർമാണങ്ങൾ മുൻകാല പ്രാബല്യത്തോടെ ക്രമവത്്കരിക്കുമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
എഐസിസി അംഗം അഡ്വ. ഇ.എം. ആഗസ്തി, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ ജോസഫ് വാഴയ്ക്കൻ, ഡീൻ കുര്യാക്കോസ് എംപി, എ.കെ. മണി, കെപിസിസി വൈസ് പ്രസിഡന്റ് റോയി കെ. പൗലോസ്, ജനറൽ സെക്രട്ടറിമാരായ അഡ്വ. എസ്. അശോകൻ, ഇബ്രാഹിംകുട്ടി കല്ലാർ, നിഷ സോമൻ, ജോയി തോമസ്, ജോയി വെട്ടിക്കുഴി, എം.ഡി. അർജുനൻ എന്നിവർ പങ്കെടുത്തു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ കോർ കമ്മിറ്റി വിലയിരുത്തി.